2016 ജനുവരി 6, ബുധനാഴ്‌ച

ഉപേക്ഷിക്കപെട്ട ഒരു കെട്ടിടത്തിന്‍റെ ഭിത്തിയില്‍ പച്ചപ്പ്‌ വീഴ്ത്തിയ പായലിനടിയിലൂടെ കാണുന്ന അക്ഷരങ്ങള്‍ പോലെ, ജീവിച്ചിരിക്കെ മരിച്ചു പോയ ഒരുവനുണ്ട് , മറ്റുള്ളവരില്‍ അല്ല തന്നില്‍ തന്നെ തന്‍റെ ജഡവും പേറി ജീവിക്കുന്ന ഒരുവന്‍ !
വഴിയരികിലൂടെ തല കുനിച്ചു തനിക്ക് നഷടപെട്ടതെന്തന്നു തിരിച്ചറിയാനാവാത്ത  വേവലാതിയുമായി നടന്നു നീങ്ങുന്ന അവന്‍റെ പേരൊന്നു വിളിച്ചു നോക്കു. പകപ്പോടെ മുഖമുയര്‍ത്തുമ്പോള്‍  പാവടതുമ്പിന്‍റെ ഉലചിലും ഓടിയൊളിക്കുന്ന കൊലുസിന്‍റെ  കിലുക്കവും നിങ്ങള്‍ക്കാ  മുഖത്തു നിന്നും വായിച്ചെടുക്കാനാവും .
മഞ്ഞു പോലെ തണുത്തുറഞ്ഞ, കണ്ണീരുപ്പുകലര്‍ന്ന രണ്ടു തടാകങ്ങള്‍ പോലെയാ മിഴികളെന്നു നിങ്ങള്‍ കരുതിയാല്‍ , മരിച്ചവന്‍റെ മിഴികള്‍ക്കില്ലല്ലോ ഇത്ര നിര്വീകരതയെന്നു നിങ്ങളറിയാതെ മനസ്സില്‍ പിറുപിറുത്താല്‍,
വാ മൊഴിയും വരമൊഴിയും മറവിക്ക് വിട്ടു കൊടുത്തവന്‍  മൗനമൊഴിയാല്‍ നിങ്ങളെ  ചോദ്യം ചെയ്തേക്കാം. നിങ്ങള്‍ക്കുതരം മുട്ടി നില്‍ക്കെ പുല്ലിന്‍ പൂവ് കണക്കെയവന്‍ പാറി പറന്നു പോകും
ജാള്യത മാറ്റാന്‍ മൂന്നാമനോട് നിങ്ങള്‍ പറയും :"ഇന്ന വീട്ടിലെ ഇന്നയാളുടെ കുട്ടിയാണ്"  മൂന്നാമന്‍റെ  'ഓ' എന്ന ബഹുമാനം
അര്‍ഹിക്കാത്ത ആദരം ലഭിക്കുമ്പോള്‍ തേരട്ട പോലെ ചുരുണ്ട് കൂടുകയും ആമ പുറന്തോടിനുള്ളിലേക്ക് വലിയും പോലെ, തന്നെ തന്നെ സ്വയം വലിച്ചെടുത്തവന്‍ നടന്നകലും , നിങ്ങളില്‍ നിന്നും ദൂരേയ്ക്ക് നിശബ്ദനായി , നിര്‍ന്നിമേഷനായി.
ഒടുവില്‍ താന്‍ തേടുന്നത് തന്‍റെയാത്മാവിനെ തന്നെയെന്നവന്‍ തിരിച്ചറിയുന്ന നിമിഷം അവന്‍ ജീവിക്കാന്‍ തുടങ്ങും ..
എന്നാലാ നിമിഷം മുതലവന്‍ നിങ്ങളില്‍ മരിക്കും നിശ്ചയം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ